കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത; എട്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. നാളെ എട്ട് ജില്ലകളിലും, തിങ്കളാഴ്ച 9 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,  കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച(30-10-2023) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,  കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. 

കേരള തീരത്ത്  രാത്രി 11.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്തും ഇന്ന്  രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും  മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. 

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply