കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് ഒരു പ്രശ്നം. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയുള്ള പ്രശ്ന പരിഹാരം സർച്ചാർജ്ജ് കൂട്ടലിലേക്കും നീങ്ങും.
വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്.
2015 ൽ യുഡിഎഫ് സർക്കാർ ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ, ജാബുവ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 25 വർഷത്തെ കരാറിലേർപ്പെട്ടിരുന്നു. യൂണിറ്റിന് 4.29 പൈസക്ക് വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ദാക്കിയത് തെറ്റായെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ അടുത്തിടെ സർക്കാർ പുനസ്ഥാപിച്ചു.
നിലവിൽ കേന്ദ്ര പവർ എക്സേഞ്ചിൽ നിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. 8 മുതൽ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്. വരും ദിവസങ്ങളിൽ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ ഭാരിച്ച ബാധ്യതയാകും ബോർഡിന്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

