കേരളത്തിൽ വീണ്ടും കോളറ; തലവടിയിൽ 48കാരൻ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ തലവടിയിൽ 48കാരന് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. രോഗി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലാണ്. തലവടി ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലുള്ളയാൾക്കാണ് കോളറ സ്ഥിരികരിച്ചത്.വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് രക്തം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.

തലവടിയിൽ കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സമീപവാസികളുടെ കിണറിൽ നിന്നും മറ്റ് ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. പുഞ്ചക്കൊയ്ത്ത് പൂർത്തീകരിച്ചതിന് പിന്നാലെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തിയത് വലിയതോതിൽ ഓരുവെള്ളം കുട്ടനാട്ടിലെത്തുന്നതിന് കാരണമായി. തരിശുകിടന്ന പാടശേഖരങ്ങളിലെല്ലാം ഓരുവെള്ളം വ്യാപിച്ചു. വിഷാംശം അടിഞ്ഞുകൂടിയ വെള്ളം വേലിയേറ്റ സമയത്ത് പൊതുജലാശയങ്ങളിലാകെ വ്യാപിച്ചത് കുടിവെള്ളപ്രശ്നം രൂക്ഷമാക്കി. അത്യാവശ്യ കാര്യങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കാൻ ആളുകൾ നിർബന്ധിതരാകുന്നതാകാം കോളറ പോലുള്ള രോഗങ്ങൾ തലപൊക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply