പോളിങ് കുത്തനെ കുറഞ്ഞതിനാൽ കേരളത്തിൽ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതൽ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളിൽ പോളിങ് ഗണ്യമായി കുറഞ്ഞു. പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന് കടക്കും.
ഇത്തവണ പോളിങ് കുറയാൻ കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത്തെ ഘടകം കാലാവസ്ഥയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യപിച്ച മാർച്ച് മുതൽ കേരളത്തിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. ജോലിക്കും പഠനത്തിനുമായി വിദേശത്തേക്കു കടക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമായത് പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ. ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് കുടിയേറ്റ തോത് ഉയർന്നു നിൽക്കുന്നത്. കേരളത്തിലെ മധ്യവർഗ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ അംഗങ്ങളിൽ 33 ശതമാനത്തിലേറെ ജോലിക്കും പഠനത്തിനുമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയവരാണ്. വരും വർഷങ്ങളിൽ ഇതിന്റെ തോത് ഉയരാനാണ് സാധ്യത.
ഇരട്ട വോട്ടിന് എതിരായി ഇത്തവണ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ഇത്തരം ക്രമവിരുദ്ധ മാർഗങ്ങൾക്ക് ഒരു പരിധി വരെ തടയിടാനായി. തിരഞ്ഞെടുപ്പ് ഗതിയെ നിയന്ത്രിക്കുന്ന വിവാദ വിഷയങ്ങളുടെ അഭാവം വോട്ടർമാരുടെ ആവേശത്തെ ബാധിച്ചു. പോളിങ്ങിലുണ്ടായ കുറവ് സംസ്ഥാനത്തൊട്ടാകെ ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

