കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്. നിലവിൽ കടന്നുപോകുന്നത് സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ്. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരും.ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ജില്ലകളിലൊഴികെയാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് വേനൽച്ചൂട് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വർധിക്കുകയാണ്. പകൽ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായ 2 ദിവസം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടു രേഖപ്പെടുത്തുകയും ശരാശരി താപനിലയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് ചൂട് ഉയരുകയും ചെയ്താലാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുക.
‘എൽനിനോ’ പ്രതിഭാസത്തിന് പുറമേ ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൂടിയാണ് ചൂടു കൂടുന്നത്. ‘എൽനിനോ’ പ്രതിഭാസത്തിന്റെ ശക്തി കുറയുന്നതിനാൽ അടുത്ത മാസം മുതൽ ചൂടു കുറഞ്ഞേക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രതീക്ഷിക്കുന്ന വേനൽ മഴ കൂടി കൃത്യമായി ലഭിച്ചാൽ ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

