കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, തൃശൂരിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്

കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര സർക്കാർ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇവിടങ്ങളിൽ സാദ്ധ്യതയുണ്ട്.ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തുടർന്ന് പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു.

മഴക്കാലമായതിനാൽ ഏതു നിമിഷവും ഉരുൾപൊട്ടലിനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറി താമസിക്കാൻ 41 കുടുംബങ്ങൾക്ക് നിർദേശം നൽകി.നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് അലർട്ട്: തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ),ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.മഞ്ഞ അലർട്ട്: തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിസാണ് കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply