കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ്

കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. വിയറ്റ്‌നാമിലെ ഹോ-ചി-മിന്‍ സിറ്റിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും. കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി പി രാജീവിന്റെ കുറിപ്പ്:

”കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുന്നു. വിയറ്റ്‌നാമിലെ  ഹോ-ചി- മിന്‍ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് തുടങ്ങുന്നതോടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45  പ്രതിവാര വിമാന സര്‍വീസുകളാകുകയാണ്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍  വിയറ്റ്‌ജെറ്റ് (VIETJET) ആണ്  ഹോ-ചി- മിന്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുക. ”

”നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ഈ പുതിയ സര്‍വീസ് ആരംഭിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സര്‍വീസും , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സര്‍വീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും. ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply