കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്.
കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണാന്‍കൂടി ലക്ഷ്യമിട്ടാണിത്. ബുധനാഴ്ചരാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും.
ബുധനാഴ്ചകളില്‍ ഉദയ് എക്‌സ്പ്രസിന് സര്‍വീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടത്തിന് ഈ ദിവസം തിരഞ്ഞെടുത്തത്. ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്. തീവണ്ടിയുടെ സമയക്രമത്തെപ്പറ്റി അന്തിമതീരുമാനമെടുത്തിട്ടില്ല.
അതേസമയം റെയില്‍വേ ടിക്കറ്റെടുക്കാനുള്ള മൊബൈല്‍ ആപ്പായ യു.ടി.എസ്. വീണ്ടും പരിഷ്‌കരിച്ചു. പാസ്വേഡിനു പുറമേ ഒ.ടി.പി. ഉപയോഗിച്ചും ലോഗിന്‍ചെയ്യാം. ടിക്കറ്റ് പരിശോധനയില്‍ പാസ്വേഡ് മറന്ന് പിഴ നല്‍കേണ്ടിവരുന്ന സാഹചര്യം ഇനി ഉണ്ടാവില്ല. ആപ്പില്‍ ‘ഓര്‍ഡിനറി’ എന്ന വിഭാഗം അടുത്തിടെ കൂട്ടിച്ചേര്‍ത്തിരുന്നു. എവിടെനിന്നും ഏതു സ്റ്റേഷനിലേക്കും ജനറല്‍ ടിക്കറ്റ് എടുക്കാം. മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണം. ഓര്‍ഡിനറി, മെയില്‍/എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ടിക്കറ്റ് ലഭിക്കും. സൂപ്പര്‍ ഫാസ്റ്റില്‍ കയറാന്‍ അധിക നിരക്ക് (സര്‍ചാര്‍ജ്-15 രൂപ) ആപ്പിലൂടെത്തന്നെ എടുക്കാം. സീസണ്‍ ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും കിട്ടും. സ്റ്റേഷനില്‍ എത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കില്‍, അവിടെ പതിച്ചിട്ടുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് ടിക്കറ്റെടുക്കാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

