കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തുവെന്ന് വാദം’: ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കരുതെന്ന് സതീശൻ

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്ന്, ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സതീശൻ ചൂണ്ടിക്കാട്ടി. . രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശൻ ആരോപിച്ചു.

ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്കെതിരെ വിമർശനം ശക്തമായത്. സിനിമ മേയ് അഞ്ചിന് തിയറ്ററുകളിൽ എത്താനിരിക്കെയാണ് വിവാദം ചൂടുപിടിക്കുന്നത്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവരും ഈ സിനിമയ്ക്കെതിരെ നിലപാട് പരസ്യമാക്കി രംഗത്തെത്തിയിരുന്നു.. 

സതീശന്റെ ഫെയ്സ്ബുക് പോസ്റ്റ്

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്‍‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. മറിച്ച്, ന്യൂനപക്ഷ  വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജൻഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലുണ്ട്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply