കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർഥികളുടെ വിധി, ഇന്ന് 2.77 കോടി വോട്ടർമാരുടെ വിരൽത്തുമ്പിൽ. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിനാണ്.
ഇന്ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ പൊലീസ് ഓഫീസർമാരും ഇത്തവണ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകും. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുമുണ്ടാകും.
സംസ്ഥാനത്തെ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്‌ഡിവിഷനുകള്‍ക്ക് രൂപം നൽകിയിട്ടുണ്ട്. ഡിവൈഎസ്‌പി മാര്‍ക്കാണ് ഇതിന്‍റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകര്‍മ്മ സേനയുടെ സംഘം എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും നിലയുറപ്പിക്കും.
പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വിന്യാസത്തിന്‍റെ സംസ്ഥാനതല നോഡൽ ഓഫീസർ. പൊലീസ് ആസ്ഥാനത്തെ ഐ ജി ഹർഷിത അട്ടലൂരി അസിസ്റ്റൻന്‍റ് പൊലീസ് നോഡൽ ഓഫീസറാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

