ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അവകാശങ്ങൾ നേടിയെടുത്ത നാടാണ് കേരളം.ഭരണഘടനാ ഉത്തരവാദിത്വം നിർവഹിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. വിശദീകരണം ചോദിച്ചാൽ മറുപടി പറയാൻ മടിയില്ല. ബില്ലിൽ ഒപ്പുവെക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അല്ലെങ്കിൽ മന്ത്രിമാരോട് വിശദീകരണം ചോദിക്കണം. അതും ചെയ്തില്ലെങ്കിൽ നിയമസഭയ്ക്ക് മടക്കി അയക്കണം. ഇതൊന്നും ചെയ്യാതെ അനന്തമായി വൈകിപ്പിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാൻ ഗവർണർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് ഇടത് കർഷക സംഘടനകൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും തിരുവനന്തപുരത്തേക്ക് വന്നപ്പോൾ അദ്ദേഹം ഇടുക്കിയിലേക്ക് പോയി. അത് പ്രകോപനപരമാണ്. പരിപാടി ഒപ്പിച്ചു വാങ്ങുകയാണ് ഗവർണർ. 65 വർഷമായി ഇടുക്കിയിലെ ജനങ്ങൾ അനുഭവിച്ച പ്രശ്‌നത്തിന് പരിഹാരമായിരുന്നു ബിൽ. ഇനിയും ഇതേ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം നേരിടേണ്ടിവരും. ശരിക്കുമുള്ള ഇടുക്കി ഗവർണർ കണ്ടിട്ടില്ല. തിരികെ വന്നാൽ ഉടനെ ഒപ്പിടുന്നതാണ് നല്ലത്. ഭരണഘടനാ സ്ഥാപനത്തിന്റെ മേൽ കയറിയിരുന്ന് എന്ത് തോന്നിവാസവും ചെയ്യരുതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

