കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം; കുട്ടിയുടെ സംരക്ഷണമേറ്റെടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി

ദമ്പതികൾ മദ്യലഹരിയിൽ എടുത്തെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണമേറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. കൊല്ലത്ത് ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയിൽ വലിച്ചറിഞ്ഞത്. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ സംരക്ഷണം തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സമിതി ഏറ്റെടുത്തത്. സമിതിയിൽ നിന്നുള്ള അമ്മമാരെ കുട്ടിയുടെ പരിചരണത്തിനായി ആശുപത്രിയിൽ എത്തിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി എസ് എ ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തി കുട്ടിയെ പരിചരിക്കുന്ന ഡോക്ടറുമായി സംസാരിച്ചു. കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായും അപകട നില തരണം ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും അരുൺഗോപി പറഞ്ഞു. മെഡിക്കൽ കോളേജിലെത്തിയപ്പോൾ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. തലയുടെ പുറക് വശത്തായിരുന്നു പൊട്ടൽ.

തിരുനെൽവേലി സ്വദേശികളായ ഭർത്താവ് മുരുകനും ഭാര്യ മാരിയമ്മയുമായി ഒരുമിച്ച് മദ്യപിക്കുമ്പോഴാണ് അരികിലെത്തിയ കുട്ടിയെ പിതാവ് മുരുകൻ വലിച്ചെറിഞ്ഞത്. ഈ ദമ്പതിമാർ ഒരു വയസ്സുകാരിയെ വീട്ടിലെ ഒറ്റ മുറിയിൽ ഒറ്റക്കാക്കിയിട്ടാണ് ജോലിക്ക് പോയിരുന്നത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply