കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കും,എ.കെ.ആന്റണിയെ കാണുമ്പോൾ സഹതാപം: അനിൽ ആന്റണി

എ.കെ.ആന്റണിയെ കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നതെന്ന് മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്റണി. ‘രാഷ്ട്രവിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിനു വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം പഴയ പ്രതിരോധ മന്ത്രിയാണ്. പാക്കിസ്ഥാനെ വെള്ളം പൂശാൻ ശ്രമിച്ച ഒരു എംപിക്ക് വേണ്ടി സംസാരിച്ചപ്പോൾ എനിക്കു വിഷമമാണ് തോന്നിയത്.

ജൂൺ നാലിനു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതു കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കും’ – അനിൽ ആന്റണി പറഞ്ഞു.

കോൺഗ്രസ് പഴയ കോൺഗ്രസല്ലെന്നും അനിൽ ആന്റണി പറഞ്ഞു. ഇന്ത്യയെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളൂ. 15 വർഷമായി പത്തനംതിട്ടയിൽ വികസനം നടന്നിട്ടില്ല. വികസനമില്ലായ്മ മറച്ചുവയ്ക്കാൻ വേണ്ടി ആന്റോ ആന്റണി ജനങ്ങളെ കബളിപ്പിക്കുകയാണ്. തീവ്ര നിലപാടുകളുള്ള ചില വോട്ടുകൾക്ക് വേണ്ടി ആന്റോ ആന്റണി ഇന്ത്യയെ തള്ളിപ്പറഞ്ഞു. രാജ്യവിരുദ്ധമായ നയങ്ങൾ എടുക്കുന്നതുകൊണ്ടാണ് ദേശീയരാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിനെ ഇന്ത്യൻ ജനത ചവിറ്റുകൊട്ടയിലേക്ക് എറിഞ്ഞത്. 370ലധികം സീറ്റുകൾ ബിജെപി നേടും. ആന്റോ ആന്റണി പരാജയപ്പെടും. ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസിനു പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നും അനിൽ ആന്റണി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply