കാറിൽ സഞ്ചരിച്ച് നാട്ടിൽ മദ്യവിൽപ്പന: അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയിൽ

കാറിൽ സഞ്ചരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടുക്കൽ കണിയാരുകോണം ദീപേഷ് ഭവനിൽ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കടയ്ക്കൽ അഞ്ചുംമുക്കിൽ നിന്ന് ദേവി ക്ഷേത്ര ചിറയുടെ ഭാഗത്തേക്ക് നീളുന്ന കോൺക്രീറ്റ് പാതയിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.പത്ത് കുപ്പികളിലായി ചില്ലറ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 500 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.

സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഡ്രൈ ഡേകളിലെ സാദ്ധ്യത മുതലാക്കി ആരംഭിച്ച വിൽപ്പന ഇപ്പോൾ സാധാരണ ദിവസങ്ങിലേക്കും വ്യാപിപ്പിച്ചതായി എക്‌സൈസ് പറഞ്ഞു. കൊട്ടാരക്കര ജെ.എഫ്. എം.സി (2) ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അസിസ്റ്റന്റ് എക്‌സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ ജി. ഉണ്ണികൃഷ്ണൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു , മാസ്റ്റർ ചന്തു,ബിൻസാഗർ, എസ്.ശ്രേയസ് ഉമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply