ഇന്നലെ കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം മനസിലാക്കാൻ കാറിനകത്ത് വിശദമായ പരിശോധന നടത്തും. കാർ സംഭവം നടന്ന സ്ഥലത്ത് റോഡരികിലാണ് ഉള്ളത്. പൂർണമായും കത്തി നശിച്ച നിലയിലാണ് കാർ.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിർത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാൻ ശ്രമിച്ചു. ഇതുവഴി വന്ന കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിന്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു. ഇരുവർക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും ചേർന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർ ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ പൂർണമായും കാർ അഗ്‌നിക്കിരയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

