സംസ്ഥാനത്ത് കാർഷികോൽപന്ന വിപണന കമ്പനി (കാബ്‌കോ) രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കമ്പനി രൂപീകരണം ബജറ്റിൽ പ്രഖ്യാപിച്ചതാണ്. പുതുതായി ഏതു സംരംഭം വരുമ്പോഴും അതേക്കുറിച്ചു ചർച്ചകൾ നടക്കുക സ്വാഭാവികമാണ്. അത്തരം ചർച്ചകൾ സ്വാഗതാർഹമാണ്. ചർച്ചകൾക്കെല്ലാം ഒടുവിൽ കാബ്‌കോ യാഥാർഥ്യമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായവകുപ്പാണ് തടഞ്ഞത്. ഇതേതുടർന്ന് ഇരുവകുപ്പുകളും അഭിപ്രായ ഐക്യത്തിൽ എത്തിയശേഷം ഇക്കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.
പ്രാദേശിക അടിസ്ഥാനത്തിൽ കാർഷിക വിഭവ വിപണി കണ്ടെത്താനും മൂല്യവർധിത ഉൽപന്നങ്ങൾ വിപണനം ചെയ്യാനും കർഷകർക്കും കർഷക കൂട്ടായ്മകൾക്കും സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ടുള്ള കാബ്കോയുടെ രൂപരേഖ തയാറാക്കാൻ വിദഗ്ധസമിതിക്കു കൃഷിവകുപ്പ് രൂപം നൽകിയിരുന്നു. അവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് കമ്പനി രൂപീകരിക്കാൻ കൃഷിവകുപ്പ് മുന്നോട്ടുനീങ്ങിയത്. തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കുന്ന കാബ്കോയ്ക്ക് മേഖലാ ഓഫിസ് തുറക്കാനും നിർദേശം ഉണ്ടായിരുന്നു. ഇക്കാര്യം കൃഷി മന്ത്രി പി.പ്രസാദ് വിശദീകരിച്ചതോടെയാണ് വ്യവസായ മന്ത്രി പി.രാജീവ് വിയോജിപ്പുമായി രംഗത്തെത്തിയത്. കമ്പനി സ്ഥാപിക്കുന്നതും വിപണനം നടത്തുന്നതും വ്യവസായ വകുപ്പിന്റെ അധികാര പരിധിയിൽപെടുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കാബ്‌കോ രൂപീകരണം റൂൾസ് ഓഫ് ബിസിനസിന് എതിരാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ സിപിഐ മന്ത്രിമാർ പ്രസാദിനെ പിന്തുണച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

