കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്നു മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേർന്നാണ് സാമ്പത്തിക സഹായം നൽകുന്നത്. അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ അഞ്ചുലക്ഷം രൂപ വീതം മാനന്തവാടിയിലെ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇടും.
വാര്‍ത്താ സമ്മേളനത്തതില്‍ ബയോവിൻ അഗ്രോ റിസര്‍ച് ചെയര്‍മാന്‍ കം മാനേജിങ്ങ് ഡയറക്ടര്‍ റെവ.ഫാ. ജോണ്‍ ചൂരപ്പുഴയില്‍, വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ് പാലത്തടത്തില്‍, ബയോവിന്‍ ജനറല്‍ മാനേജര്‍ റെവ.ഫാ.ബിനു പൈനുങ്കല്‍, മാനന്തവാടി രൂപത പിആര്‍ഒ റെവ.ഫാ.നോബിള്‍ പാറക്കല്‍, പ്രോഗ്രാം ഓഫിസര്‍ ജോസ്.പി.എ, ബയോവിന്‍ പര്‍ചൈസ് മാനേജര്‍ ഷാജി കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.
ഇന്നലെ രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്‍പില്‍പ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

