മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി സ്ഫോടന പരമ്പര കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മാർട്ടിൻ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവിവെടുപ്പ് നടത്തിയത്. രാവിലെ വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്ലാറ്റിൽ എത്തിച്ചത്. ഇന്നലെയാണ് യു.എ.പി.എ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗൗരവതരമായ വകുപ്പുകൾ ചുമത്തി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ഫോടനം നടത്താനായി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് അങ്കമാലിക്കടുത്ത് അത്താണിയിലെ സ്വന്തം ഫ്ലാറ്റിൽ വെച്ചെന്നാണ് പൊലീസ് നിഗമനം. യഹോവ സാക്ഷികളുടെ കൺവെൻഷന്റെ അവസാന ദിവസമായ ഞായറാഴ്ച പുലർച്ച അഞ്ചിനാണ് ഇയാൾ സ്കൂട്ടറിൽ തമ്മനത്തെ വാടകവീട്ടിൽ നിന്ന് ഇറങ്ങിയത്. 5.40ന് അത്താണിയിലെത്തി ഫ്ലാറ്റിന്റെ ടെറസ്സിലിരുന്ന് ബോംബ് നിർമിച്ചെന്നാണ് വിവരം.
ഇതുമായി സ്കൂട്ടറിൽ രാവിലെ ഏഴിന് കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലെത്തി. 7.10ന് ഹാളിന് മധ്യഭാഗത്തെ കസേരകൾക്കിടയിൽ ബോംബ് വെക്കുകയും 9.30ന് ഹാളിനു പിറകിലെത്തി റിമോട്ട് അമർത്തി സ്ഫോടനം നടത്തുകയുമായിരുന്നു. ബോംബിനൊപ്പം കസേരക്കടിയിൽ പെട്രോളുംവെച്ചു. ബോംബ് പൊട്ടിയതിനു പിന്നാലെ പെട്രോളിലേക്ക് തീപടർന്നതാണ് പലർക്കും ഗുരുതര പൊള്ളലേൽക്കാൻ ഇടയാക്കിയത്. കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ബോംബ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തുതന്നെ ഒരു സ്ത്രീ മരിച്ചിരുന്നു. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസാണ് (55) മരിച്ചതെന്ന് രാത്രി വൈകി തിരിച്ചറിഞ്ഞു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുമാരിയും (53) വൈകീട്ടോടെ മരിച്ചു. തിങ്കളാഴ്ച പുലർച്ച 12.40നാണ് പന്ത്രണ്ടുകാരിയായ മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിനയുടെ മരണം സ്ഥിരീകരിച്ചത്.
സംഭവത്തിൽ 60ഓളം പേർക്കാണ് പരിക്കേറ്റത്. 21 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതില്‍ 16 പേര് ഐ.സി.യുവിലാണ്. ഇതില്‍ മൂന്ന് പേരുടെ നില അതിഗുരുതരമാണ്. ഇതില്‍ പത്ത് ശതമാനം പൊള്ളലേറ്റ 14 വയസ്സുള്ള കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു പേര് വാര്‍ഡുകളിലാണ്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിന്‍ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സക്കും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

