കണ്ടക്ടർ ഡിവൈഎഫ്‌ഐ പ്രവർത്തകൻ; പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളം; കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ സംഭവം നടക്കുന്ന സമയത്ത് കെഎസ്ആർടിസി ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർക്കെതിരെ ഗുരുതര ആരോപണവുമായി ഡ്രൈവർ യദു. മേയറുമായി തർക്കമുണ്ടായ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും അന്ന് കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നതെന്നും പിൻസീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളമാണെന്നും യദു പറഞ്ഞു.

എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയപ്പോൾ എഴുന്നേറ്റ് സീറ്റ് നൽകിയത് കണ്ടക്ടറാണ്. എംഎൽഎ വന്നപ്പോൾ സഖാവേ ഇരുന്നോളു എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തുവെന്നും യദു ആരോപിച്ചു. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ സംശയം ഉണ്ട്. കണ്ടക്ടറും എംഎൽഎയും അടക്കം ഗൂഢാലോചന നടത്തിയോ എന്ന് സംശയമുണ്ട്. തനിക്കെതിരായ ആരോപണങ്ങളിൽ അഞ്ച് പേരെ എതിർകക്ഷിയാക്കി പരാതി ഹർജി നൽകിയിട്ടുണ്ട്.

സിനിമ താരത്തിൻറെ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ ഓർമ്മയിൽ ഇല്ലെന്നും യദു പറഞ്ഞു. മേയറുമായുണ്ടായ തർക്കത്തിന് പിന്നാലെ ഡ്രൈവർ യദു തന്നോടും മോശമായി പ്രതികരിച്ചിരുന്നുവെന്ന് സിനിമ താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ആരോപണം നിഷേധിച്ച യദു, ഇവർ ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് ചോദിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply