കണ്ണൂർ അഴീക്കലിനും തലശ്ശേരിക്കുമിടയിൽ പുറംകടലിൽ തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്ക് കപ്പലിലെ പരിക്കേറ്റ 18 പേരുമായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക്. രാത്രി പത്തുമണിയോടു കൂടി മംഗലാപുരം തുറമുഖത്ത് എത്തുമെന്ന് സൂചന. പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റാൻ വേണ്ട എല്ലാ സജ്ജീകരണവും മംഗലാപുരത്ത് ഒരുക്കിയിട്ടുണ്ട്.
കപ്പൽ പൂർണ്ണമായും കത്തിയമരുന്നുവെന്ന അവസ്ഥയിലാണെന്ന് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാൻഡന്റ് പി കെ മിശ്ര പ്രതികരിച്ചു. കപ്പലിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിൻറെ പൂർണ്ണ വിവരങ്ങൾ നൽകാൻ കപ്പൽ അധികൃതരോട് കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടു. അതേസമയംകാണാതായ നാല് പേർക്കുള്ള തിരച്ചിൽ നടത്തുകയാണ്.
കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലാണ് അപകടത്തിൽ പെട്ടത്. പൊട്ടിത്തെറിയുണ്ടായ കപ്പലിലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് നിലവിൽ ലഭിച്ച വിവരം. ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം തനിയെ തീപിടിക്കുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അമ്പതോളംകണ്ടെയ്നറുകൾ കടലിൽ വീണന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു