കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് ഗോവിന്ദൻ

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളം ഉന്നയിച്ചതു പ്രസക്തിയുള്ള വിഷയമാണെന്നു സുപ്രീം കോടതിക്കു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.

‘‘കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്നു കോടതി അംഗീകരിച്ചിരിക്കുകയാണ്. കേരളം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഈ പ്രശ്നം ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമായി കോടതി കാണുന്നു. കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണു കേന്ദ്ര സർക്കാർ എടുത്തിട്ടുള്ളത്. മാർച്ച് 31ന് മുൻപ് 57,000 കോടി രൂപയാണു കേരളത്തിനു കേന്ദ്രം തരാനുണ്ടായിരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളിലും ഏഴായിരത്തോളം കോടി രൂപ തരാൻ ബാക്കിയാണ്.

മറ്റു മേഖലകളിലേക്കായി സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള പണമാണു നെല്ലു സംഭരണത്തിനായി കൊടുത്തത്. കേരളത്തിന്റെ ഈ വിഷയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയമായ രീതിയിൽ ഞങ്ങൾ സദസ്സുകൾ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്തു. ഡൽഹിയിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.’’– ഗോവിന്ദൻ പറഞ്ഞു. കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ടതോടെ അന്തിമതീരുമാനം വൈകും. ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply