കിഫ്‌ബിക്കെതിരെ സിഎജി റിപ്പോർട്ടില്‍ പരാമർശം. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് കിഫ്‌ബിക്കെതിരെ പരാമര്‍ശമുള്ളത്.
കിഫ്‌ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വരുമാനം 19.49 ശതമാനം കൂടി. പക്ഷെ റവന്യൂ ചെലവ് കൂടി. റവന്യൂ വരുമാനത്തിന്‍റെ 19.98 ശതമാനം പലിശ അടയ്ക്കാൻ വിനിയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അനർഹർക്ക് ഭൂമി പതിച്ചു നൽകി. വിപണി വില ഈടാക്കിയില്ല. പതിച്ചു നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വർദ്ധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പാട്ട ഭൂമിയുടെ അനധികൃത വില്പന തടയാൻ നടപടി എടുത്തില്ല. പാട്ടത്തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കിയില്ല. തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകൾക്ക് പാട്ടത്തുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി ആന്‍റ് എജി റിപ്പോര്‍ട്ടില്‍ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

