ഒരിക്കൽക്കൂടെ ബിജെപി വന്നാൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതും; എകെ ആന്റണി

രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന പൊളിച്ചെഴുതുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അംബേദ്കർ ഉണ്ടാക്കിയ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബിജെപിക്ക് പിന്തുണ കുറഞ്ഞുവരുകയാണെന്നും അത് മോദിയുടെ ശരീര ഭാഷയിൽ പ്രകടമാണെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

‘ഇന്ത്യ മുന്നണിയുടെ സാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ സാദ്ധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് മനസിലാവും. പ്രധാനമന്ത്രിക്ക് പഴയ ഉന്മേഷവും ആവേശവും ഇപ്പോഴില്ല. അവർക്ക് അൽപം നിരാശ വന്നിട്ടുണ്ട്. ആർഎസ്എസ് പിന്നിൽ നിന്ന് ചരട് വലിക്കുന്ന ഒരു ബിജെപി സർക്കാർ മൂന്നാമതും അധികാരത്തിൽ വന്നാൽ ഇന്നത്തെ ഇന്ത്യ അതോടെ അസ്തമിക്കും. ഇന്നത്തെ ഇന്ത്യയുടെ മരണമണിയായിരിക്കും’ എകെ ആന്റണി പറഞ്ഞു.

ഒരിക്കൽക്കൂടെ ബിജെപി അധികാരത്തിൽ വന്നാൽ ഡോ. ബിആർ അംബേദ്കർ തയ്യാറാക്കിയ ഇന്നത്തെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതുമെന്നും അതോട് കൂടി ഇന്ത്യ ഇന്ത്യ അല്ലാതെയായി മാറുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മകനും ബിജെപി നേതാവുമായ അനിൽ ആന്റണിക്കെതിരെ എകെ ആന്റണി രംഗത്തെത്തിയിരുന്നു.അനിൽ ആന്റണി പത്തനംതിട്ടയിൽ തോൽക്കണമെന്നാണ് ആന്റണി പറഞ്ഞത്. മക്കളെക്കുറിച്ച് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply