മന്ത്രി ഗണേശ് കുമാറിനെതിരെ സെക്രട്ടേറിയറ്റിനുമുന്നിൽ സിഐടിയുവിന്റെ സമരം. ഗതാഗതവകുപ്പ് അടുത്തിടെ നടപ്പാക്കിയ ഡ്രൈവിംഗ് പരിഷ്‌കാരത്തിനെതിരെയാണ് സിഐടിയു തൊഴിലാളികൾ സമരം നടത്തിയത്. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്.എൽ ഡി എഫിന്റെ മന്ത്രിയാണ് ഗണേശ് കുമാറെന്നുള്ളത് അദ്ദേഹം ഓർക്കണമെന്നും ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടയാൻ മടിക്കില്ലെന്നും വീട്ടിലേക്ക് മാർച്ചുനടത്തുമെന്നും സമരത്തിൽ പങ്കെടുത്ത സിഐടിയു നേതാക്കൾ പറഞ്ഞു.
മേയ് മുതലാണ് പുതിയ ഡ്രൈവിംഗ് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. തങ്ങളുമായുളള ചർച്ചകൾക്ക് ശേഷമേ പരിഷ്‌കാരങ്ങൾ നടപ്പാക്കൂ എന്ന് തങ്ങൾക്ക് ഉറപ്പ് ലഭിച്ചിരുന്നതായാണ് ട്രേഡ് യൂണിയനുകൾ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു നിർദ്ദേശവും മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകും എന്നുമാണ് ഗതാഗതമന്ത്രി പറയുന്നത്. ഇതിനെത്തുടർന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്തെത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

