ടി.പി.ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ ചിതറിക്കും എന്ന് പ്രസ്താവിച്ച സിപിഎം നേതാക്കളുടെ അതേ വഴിയിലാണ് എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
‘സിദ്ധാർഥന്റെ മരണത്തിൽ കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു എന്നാണ് മാതാപിതാക്കൾ തന്നെ പറയുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞ് മറ്റൊരു വധശിക്ഷയും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ചു പോയ സിദ്ധാർഥനെ വീണ്ടും അപമാനിക്കാനായി ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക, പ്രതിയായ ആൾ തന്നെ ആ കമ്മിറ്റിയിൽ അംഗമായിരിക്കുക എന്നതൊക്കെയാണ് നടന്നത്.’ സതീശൻ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു. ‘കേരളത്തിലെ രക്ഷിതാക്കളെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന സംഭവമാണിത്. അതിനെക്കുറിച്ചൊരു വാക്കു പോലും മുഖ്യമന്ത്രിക്ക് സംസാരിക്കാനില്ല. കുറ്റബോധം കൊണ്ടാണെങ്കിൽ നല്ല കാര്യം. കാരണം ഈ ക്രിമിനലുകളെ കേരളത്തിൽ അഴിഞ്ഞാടാൻ എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്. കല്യാശേരിയിൽ ചെടിച്ചട്ടികൊണ്ടും ഇരുമ്പുവടി കൊണ്ടും ഹെൽമറ്റു കൊണ്ടും ആക്രമിച്ചവർക്കെതിരായി വധശ്രമത്തിന് പൊലീസ് കേസെടുത്തപ്പോൾ അത് രക്ഷാപ്രവർത്തനമാണെന്ന് വ്യാഖ്യാനിക്കുകയും അത് ഇനിയും തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ക്രിമിനലുകൾ കേരളത്തിൽ അഴിഞ്ഞാടുന്നതിനുള്ള കാരണം. എസ്എഫ്‌ഐ നേതാവ് ഒരു എസ്‌ഐയുടെ ചെവിക്കരണം അടിച്ചു പൊളിച്ചത് ഈയിടെയാണ്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് രംഗത്തിറങ്ങുകയാണ്.’ സതീശൻ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

