എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയിൽ ബെംഗളുരു

ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗലുരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെൽഷ്യസ് ആണ്. ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. ബെംഗലുരുവിൽ ഇത്രയും രൂക്ഷമായ നിലയിൽ അന്തരീക്ഷ താപനില എത്തിയത് 2016ലായിരുന്നു. അന്ന് 39.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഉയർന്ന താപനില.

കഴിഞ്ഞ 15 വർഷത്തിനിടയിലെ നാലാമത്തെ ഉയർന്ന താപനിലയും എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയുമാണ് ബെംഗലുരുവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അന്തരീക്ഷ താപനലി ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.

ബെംഗലുരു അർബൻ, ബെംഗലുരു റൂറൽ, മാണ്ഡ്യ, തുംകൂർ, മൈസൂർ മേഖലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ 2 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്.

തീരപ്രദേശങ്ങളായ മംഗലുരുവിലും ഉഡുപ്പിയിലും അന്തരീക്ഷ താപനില ഉയരുമെന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരത്തിൽ ചെറിയ മഴ ലഭിച്ചേക്കുമെങ്കിലും ഈ വർഷം ഏപ്രിൽ മാസത്തിലെ ശരാശരി താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് സൂചന. മുൻ വർഷങ്ങളെ വച്ച് ചൂട് അസഹനീയമെന്നാണ് ബെംഗലുരു സ്വദേശികൾ പറയുന്നത്.

ചൂടിനെ അസഹ്യമാക്കി വെള്ളക്ഷാമവും നഗരത്തെ വലയ്ക്കുന്നുണ്ട്. എൽനിനോ പ്രതിഭാസമാണ് കർണാടകയെ ചുട്ടുപൊള്ളിക്കുന്നത്. കഴിഞ്ഞ വർഷം എൽ നിനോ സൂചിക 1.5 ആയിരുന്നു ഈ വർഷം ഇത് 1.1 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകൾ വിശദമാക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply