എട്ടാം ക്ലാസുകാരിയെ ലഹരി നൽകി കാരിയറാക്കിയ പ്രതിയെ വിട്ടയച്ച പൊലീസിന് വീഴ്ച, മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

അഴിയൂരിൽ ലഹരി മാഫിയ എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ സംഭവത്തിൽ ചോമ്പാല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി. ഇരയാക്കിയ ആളിന്റെ വിശദ വിവരങ്ങൾ സഹിതം പരാതി നൽകിയിട്ടും ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്തിയില്ലെന്നു കാട്ടി പെൺകുട്ടിയുടെ ഉമ്മയാണ് പരാതി നൽകിയത്. അതേ സമയം വിഷയം ചർച്ച ചെയ്യാനായി അഴിയൂർ പഞ്ചായത്ത്‌ ഇന്ന്‌ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

തനിക്കു ലഹരി മരുന്നു നൽകുകയും ലഹരി മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഈ സാഹചര്യ ത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ ഉമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്.

ലഹരി മാഫിയ തന്നെ ഉപയോഗപെടുത്തിയതായി പെൺകുട്ടി പൊലീസിന് വിവരം നൽകിയിരുന്നതായാണ് പരാതിയിൽ പറയുന്നത്. സ്റ്റേഷനിൽ പെൺകുട്ടി എത്തിയ സമയത്ത് ലഹരി സംഘത്തിലെ ചില ആളുകൾ സ്ഥലത്തെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഈ കാര്യങ്ങളിൽ വ്യക്തത വരുമെന്നും പരാതിയിൽ പറയുന്നു.അതെ സമയം പൊലീസ് നടപടിക്കെതിരെ അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റും രംഗത്തെത്തി. വിഷയം ചർച്ച ചെയ്യാൻ പഞ്ചായച്ച് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

എ ഇ ഒ, സ്കൂൾ അധികൃതർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.ഇതിനിടെ പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. നിലവിൽ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് വിവിധ സംഘടനകൾ അഴിയൂരിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply