എ.ഐ. ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ ജീവനാണോ വലുത് ഒരു നിയമം നടപ്പാക്കാതെ ഒഴിവാക്കുന്നതാണോ വലുത് എന്ന പ്രശ്നമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ നിയമം പാലിക്കുന്നത് നിർബന്ധമാണ്. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. അസൗകര്യമുണ്ടെങ്കിൽ ഹെൽമറ്റ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്‌കൂളുകളിൽ ഒരുക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട് നടപ്പിലാക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കാതിരിക്കാൻ പറ്റില്ല. ഇപ്പോഴാണ് കർശനമായി നടപ്പിലാക്കുന്നതിനുള്ള നിർദേശം വന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലാണിത്. താത്കാലികമായ എളുപ്പത്തിന് വേണ്ടി അത് ഒഴിവാക്കാൻ പറ്റില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
നിയമങ്ങൾ കർശനമാക്കുമ്പോൾ ആദ്യം കുറച്ച് ദിവസം പ്രയാസങ്ങളുണ്ടാകുമായിരിക്കും. എല്ലാവരുടേയും ജീവൻ സംരക്ഷിക്കുക എന്നുള്ളതാണ് സർക്കാരിന്റെ മുന്നിലുള്ള പ്രശ്നം. ഒരു ബൈക്കിൽ മൂന്നും നാലും കുട്ടികളെ കൊണ്ടുപോകാൻ പറ്റില്ല. സ്‌കൂൾ വാഹനങ്ങൾ പരിശോധിക്കാൻ സ്‌കീം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

