എഐസിസി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്ക്; സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ച് കോൺഗ്രസ് നേതാക്കൾ

 കേരളത്തിന്റെ ചുമതലയുള്ള  എഐസിസി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്ക്. കോട്ടയം പാലാ ചക്കാമ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് സംഭവമുണ്ടായത്.

മോഹനൻ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർക്കും സാരമായ പരിക്കുണ്ട്. മോഹനന്റെ കാൽ ഒടിഞ്ഞതായാണ് വിവരം.

അപകടത്തെ തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയടക്കം മുതിർന്ന നേതാക്കളെല്ലാം പാലായിലേക്ക് പുറപ്പെട്ടതിനാൽ ഇന്ന് നടത്താനിരുന്ന സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മുതിർന്ന നേതാക്കളടക്കം രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് ശേഷം ഇന്ന് പാർട്ടി ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കാനാണ് സംയുക്ത വാർത്താ സമ്മേളനം വിളിച്ചിരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply