ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൻ ചാണ്ടി ഉമ്മനോടാണ് മുഖ്യമന്ത്രി ഫോണിൽ വിവരങ്ങൾ തിരക്കിയത്. ചൊവ്വാഴ്ച ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ചികിത്സ നിഷേധിക്കുന്നതായുള്ള പരാതിക്ക് ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നു. തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയിൽ വ്യക്തമാക്കി.
യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി വിഡിയോയിൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

