ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.
അതേസമയം, കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിൻറെ ഭാഗമാണെന്ന് എതിർവാദങ്ങളും ഉയരുന്നുണ്ട്.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. കന്റോമെൻറ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യൽ) ആണ് കേസെടുത്തിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

