സംസ്ഥാന സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. മലയാളികളുടെ അഭിമാനമായ തൃശൂർ പൂരം വഷളാക്കി അവിടെ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തീരുമാനിച്ചതും കമ്യൂണിസ്റ്റുകാരാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘കുറച്ചുദിവസങ്ങൾക്ക് മുൻപ് ഒരു ഇടതുപക്ഷ സ്ഥാനാർത്ഥി വളരെ വിഷമത്തോടെ വൈകാരികമായി മാധ്യമങ്ങളോട് പ്രതികരിക്കുന്നത് കണ്ടു. അവരെ ഒരു പ്രത്യേക രീതിയിൽ സൈബർ അറ്റാക്ക് ചെയ്തുവെന്ന്. അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞ് അവർ തന്നെ ചിരിച്ചുകൊണ്ട് തമാശ പറയുന്ന രീതിയിൽ അതുമാറ്റി പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം അവരുടെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ സൈബർ ആക്രമണം ഉളളതാണെന്നും പറയുകയുണ്ടായി. നിങ്ങൾ എവിടെയെങ്കിലും ഉറച്ചുനിൽക്കൂ. ഒന്നുകിൽ ഉണ്ടെന്ന് പറയൂ. അല്ലെങ്കിൽ ഇല്ലെന്ന് പറയൂ.
പക്ഷെ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ ഈ നാടകം കളിക്കുന്ന ഈ കേരളത്തിൽ ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യനുണ്ടായിരുന്നു. ആ മനുഷ്യനെതിരെ കല്ലുവച്ച നുണകൾ പറഞ്ഞ് ആരും കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകൾ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ വേട്ടമൃഗത്തെ വേട്ടയാടുന്ന പോലെ ഒരു സൈബർ ലോകം മുഴുവൻ അതായത് കമ്യൂണിസ്റ്റുകാർ മുഴുവൻ ആക്രമിച്ചിരുന്നു. ആ മനുഷ്യനാണ് ഉമ്മൻ ചാണ്ടി. അന്ന് നിങ്ങളുടെ ക്രൂരതകൾ എല്ലാം ഒരു പരിഭവം പോലുമില്ലാതെ ഏറ്റുവാങ്ങിയ അദ്ദേഹം ഈ കേരളത്തിലുടനീളം ഉറക്കം മറന്ന് ഭക്ഷണം മറന്ന് പ്രവർത്തിച്ചു. അദ്ദേഹത്തോട് കാട്ടിയ നെറികേട് കേരളത്തിന്റെ ജനത മറന്നിട്ടില്ല. അതുകണ്ട് ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിങ്ങളടങ്ങുന്ന കമ്യൂണിസ്റ്റ് നേതാക്കൻമാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലകണ്ണീർ ഒഴുക്കി വന്നിരിക്കുകയാണ്. ഇതൊന്നും കേരളത്തിൽ വിലപോകില്ല.
അഴിമതിയുടെ കാര്യത്തിൽ കേന്ദ്രവും കേരളവും ഒരുപോലെയാണ്. ഇവർ തമ്മിൽ വലിയ ഒരു ബന്ധം തന്നെയുണ്ട്. അതുകൊണ്ട് ബിജെപിയുടെ പലകാര്യങ്ങളും കേരളത്തിൽ നടത്തികൊടുക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. പൗരത്വഭേദഗതിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ കൃത്യമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. റിയാസ് മൗലവിയുടെ കൊലക്കേസിൽ പ്രതികളായ ആർഎസ്എസുകാരെ വെറുതെ വിടാൻ സഹായിച്ചത് ആരാണ് പിണറായിയുടെ പൊലീസാണ്. കുഴൽപ്പണക്കേസിൽ പിടിയിലായ പ്രമുഖരായ ബിജെപി പ്രവർത്തകരെ രക്ഷപ്പെടുത്തിയതും അവർ തന്നെയാണ്. നമ്മുടെ അഭിമാനമായ തൃശൂർ പൂരം വഷളാക്കി അവിടെ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തീരമാനിച്ചതും കമ്യൂണിസ്റ്റുകാരാണ്. ഇവരുടെ ബന്ധം ജനം തിരിച്ചറിഞ്ഞു. കേരളത്തിലെ സിപിഎം ബിജെപിയുടെ ബി ടീമാണ്’- അച്ചു ഉമ്മൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

