മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. 2008ൽ ലാവ‌്‌ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ. മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ ചൂണ്ടിക്കാട്ടി.
ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയ്ക്കാണെന്ന് ഷോൺ പറഞ്ഞു. സംഭവത്തിൽ കേന്ദ്രസർക്കാരിനു പരാതി നൽകുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സൂചിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചതെന്നും, തികച്ചും അവിചാരിതമായാണ് ആർ. മോഹന്റെ പേര് ശ്രദ്ധയിൽപ്പെട്ടതെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ അംഗങ്ങളുടെ പേര് ഉൾപ്പെടുന്ന ലിസ്റ്റുമായിട്ടായിരുന്നു ഷോണിന്റെ വാർത്താ സമ്മേളനം. ലാവ്‌ലിൻ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച ക്ലീൻ ചിറ്റിന്റെ രേഖയും ഷോൺ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ പട്ടികയിലെ നാലാം പേരുകാരനായ ആർ. മോഹൻ, വർഷങ്ങൾക്കു മുൻപ് മുഖ്യമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകിയ അതേ ആർ.മോഹനാണെന്നാണ് ഷോണിന്റെ ആരോപണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

