ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിൽ മലയാളി യുവതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പിതാവ്. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫ് ആണ് നാലാമത്തെ ആൾ. ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. ആശങ്കയിലാണെന്നും പിതാവ് ബിജു എബ്രഹാം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് അവസാനമായി മകളുമായി സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. സുരക്ഷിതരാണെന്ന് അറിയിച്ചുവെന്നും പിതാവ് പറഞ്ഞു.
അതേസമയം ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്ക് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് ഉടൻ അനുമതി നൽകുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിലുള്ള മൂന്ന് മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചതിന് പിന്നാലെയാണ് ഇറാന്റെ നടപടി.ജയശങ്കർ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി ഉടൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കർ ആഹ്വാനം ചെയ്തു. ഇറാനിലുള്ള ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടാൻ മേഖലയിലെ എംബസികൾക്ക് ഇന്ത്യ നിർദേശം നൽകി.സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

