ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ മോചിതരായിട്ടില്ല; വാർത്തകൾ തള്ളി കുടുംബം

പിടിച്ചെടുത്ത കപ്പലിലുള്ളവരെ ഇറാൻ മോചിപ്പിച്ചെന്ന വാർത്ത സ്ഥിരീകരിക്കാതെ ജീവനക്കാരുടെ കുടുംബങ്ങൾ. മകൻ ഇന്നലെ രാത്രി വിളിച്ചപ്പോഴും മോചനത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് പാലക്കാട് സ്വദേശി സുമേഷിൻ്റെ പിതാവ് പറഞ്ഞു. കപ്പൽ വിട്ടു കിട്ടുന്നതിന് വേണ്ടി ജീവനക്കാരെ മോചിപ്പിക്കുന്നതിൽ തടസ്സം നിൽക്കുന്നത് ക്യാപ്റ്റനാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഏപ്രിൽ 13 നാണ് ഇറാൻ , ഇസ്രായേൽ ചരക്ക് കപ്പൽ പിടിച്ചെടുത്തത്. ഇതിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളുകയാണ് കപ്പലിലെ മലയാളികളായ ജീവനക്കാരുടെ കുടുംബം. 

കോഴിക്കോട് സ്വദേശിയായ ശ്യാമ്നാഥും ഇന്നലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞില്ലെന്ന് സഹോദരൻ ശങ്കർനാഥ് വ്യക്തമാക്കി . ശ്യാംനാഥിൻ്റെ കരാർ പൂർത്തിയായതാണെന്നും കരാർ കാലാവധി കഴിഞ്ഞവരെയും മോചിപ്പിക്കുന്നിലെന്നും കുടുംബം പറഞ്ഞു. കപ്പൽ കമ്പനിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ കാര്യക്ഷമമല്ലെന്നും കുടുംബങ്ങൾ പരാതിപ്പെട്ടു . കപ്പൽ പിടിച്ചെടുക്കുമ്പോൾ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരായിരുന്നു. കപ്പലിലുണ്ടായിരുന്ന ഏക വനിത തൃശ്ശൂർ സ്വദേശിനിയായ ആൻ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply