ഇന്ധനത്തിനും മദ്യത്തിനും സെസ്; പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനെന്ന് ധനമന്ത്രി

പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണ് ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 11000 കോടി രൂപ സാമൂഹിക സുരക്ഷാ പെൻഷന് വേണം. പെൻഷൻ കൊടുക്കാൻ പണമില്ല എന്നുപറഞ്ഞ് അത് കൊടുക്കാതിരിക്കാനല്ല സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിൻറെ നികുതി അധികാരം പരിമിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ജി.എസ്.ടി വന്നതിന് ശേഷം സംസ്ഥാനത്തിന് വരുമാനമുണ്ടാകുന്ന പ്രധാന വഴി ഇന്ധന സെസ്സാണ്. പെട്രോൾ, ഡീസൽ സെസ് ഉൾപ്പെടെ ബജറ്റിലെ പുതിയ നികുതി പരിഷ്‌കരണങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ ന്യായീകരണം.

കൃത്യമായ കാഴ്ചപ്പാടോടെയാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ധനദൃഢീകരണം നടത്താനായി. ധനക്കമ്മി കുറഞ്ഞു. സംസ്ഥാനത്തിന്റെ കടത്തിൽ നിയന്ത്രണം വന്നു. നികുതി വരുമാനം കൂട്ടാനായി. ധനകാര്യ മാനേജ്‌മെൻറില്ല എന്ന പ്രതിപക്ഷ വിമർശനം തെറ്റാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. കേന്ദ്രം വിവേചനപരമായ സമീപനം കേരളത്തോട് കാണിക്കുന്നുവെന്ന് കെ.എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. 2700 കോടി കടമെടുപ്പ് ഇന്നലെ വെട്ടിച്ചുരുക്കി. 937 കോടി രൂപ മാത്രമാണ് ഇനി ലഭിക്കുക. കടമെടുക്കാനുള്ള നിയമപരമായ അവകാശം കേന്ദ്രം ഇല്ലാതാക്കുന്നു. കിഫ്ബി വഴിയുള്ള വായ്പയും സംസ്ഥാനത്തിന്റെ പൊതുകടത്തിലേക്ക് കേന്ദ്രം മാറ്റുകയാണെന്ന് മന്ത്രി വിമർശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply