ഇനി കര്‍ശന നടപടി; കെഎസ്ആര്‍ടിസി ബസുകളിലെ അപകടകാരണം പഠിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ അപകടകാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചു. ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്.

ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകും. ഡിപ്പോമേധാവി, ഗാരേജ് തലവന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് സമിതിയിലുണ്ടാകുക.

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിച്ച മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടും സമിതി പരിഗണിക്കും.ശനിയാഴ്ചകളില്‍ സമിതി അപകടങ്ങള്‍ വിലയിരുത്തി ചീഫ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കും.

ഇത് പരിശോധിക്കാന്‍ ചീഫ് ഓഫീസില്‍ പ്രത്യേക സമിതിയുണ്ടാകും. ജീവാപായമുണ്ടാകുന്ന അപകടങ്ങളില്‍, ഡിപ്പോ മേധാവി, നേരിട്ട് ചീഫ് ഓഫീസിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സാങ്കേതികതകരാറിനാലാണ് അപകടമെങ്കില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കെതിരേയും നടപടിയുണ്ടാകും.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയില്‍നിന്ന് സുരക്ഷിത ഡ്രൈവിങ്ങില്‍ പരിശീലനം നല്‍കും. ബസുകളുടെ പിഴവ് പരിശോധിക്കാനും പ്രത്യേക പരിശോധന നടക്കും. ഒരുമാസം കൊണ്ട് എല്ലാ ബസുകളും പരിശോധിച്ച് പിഴവുകള്‍ കണ്ടെത്തും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply