ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.

പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് ഫോറൻസിക് സർജൻ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുവെന്ന് കരുതുന്ന സാ​ഗര ജങ്ഷനിലെ വീട്ടിലേക്ക് പ്രതിയുമായി പോയി തെളിവെടുപ്പ് നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.

മോഷണത്തിന് പിടികൂടിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ്. നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തൻപുരയ്ക്കൽ നിതീഷാണ് കുറ്റസമ്മതം നടത്തിയത്. മറ്റൊരു പ്രതിയായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണുവിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply