ആലുവയിൽ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോക്‌സോ കുറ്റം ചുമത്തിയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
കുഞ്ഞ് മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാൽസംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തി. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇരയാക്കി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങിയത്.
കുഞ്ഞിന്റെ സംസ്‌കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ഒരു തവണ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു. മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു. തെളിവുകൾ നിരത്തിയോടെ ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞാണ് പ്രതി പൊട്ടിക്കരഞ്ഞത്. കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തൽ.
പോക്സോ കേസിൽ ബലാത്സംഗം, അടുത്ത ബന്ധുവിൽ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേർക്കുന്ന വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ വീട്ടിൽ ഫോറൻസിക്ക് സംഘം പരിശോധനയും പൂർത്തിയാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

