ആലപ്പുഴ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ, ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകുന്നതു വരെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ ജോലിയിൽനിന്നു മാറ്റിനിർത്താൻ തീരുമാനം.

ഡോക്ടറോട് അവധിയിൽ പോകാൻ അധികൃതർ നിർദേശിച്ചു. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപർണയുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തുടർന്ന് അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.

കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (21) ഇന്നു പുലർച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടർന്ന് നവജാത ശിശു ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അപർണയെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply