ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞു വാക്‌പോര് നടത്തി. ആലപ്പുഴയിൽ വി. മുരളീധരൻ പക്ഷം തോൽപിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കോർ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിൽ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയിൽ പ്രകാശ് ജാവഡേക്കർ അതൃപ്തി അറിയിക്കുകയും ചെയ്തു.
വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തിൽ ഉന്നയിച്ചത്. ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ മുരളീധരപക്ഷം ശ്രമിച്ചെന്ന് അവർ ആരോപിച്ചു. അതേസമയം, അതൃപ്തിയുമായി കൃഷ്ണദാസ് പക്ഷം നേതാക്കൾ സംസ്ഥാന നേതൃയോഗത്തിൽനിന്ന് വിട്ടുനിന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എൻ രാധാകൃഷ്ണൻ എന്നിവരാണു യോഗം ബഹിഷ്‌ക്കരിച്ചത്. കോർ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിലാണ് അതൃപ്തി.
കോർ കമ്മിറ്റിക്കുശേഷം നേതൃയോഗമെന്നതാണ് പതിവ്. തെരഞ്ഞെടുപ്പ് വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ ആദ്യം കോർ കമ്മിറ്റി ചേരണം. എന്നാൽ, ഇതിനു വിരുദ്ധമായാണ് ഇത്തവണ ആദ്യം നേതൃയോഗം ചേർന്നത്. നേതൃയോഗത്തിനുശേഷം ഇന്നുതന്നെ കോർ കമ്മിറ്റി ചേരാനും ആലോചനയുണ്ട്.
അതേസമയം, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയും ജാവഡേക്കർ വിമർശിച്ചതും ശ്രദ്ധേയമായി. ശോഭയുടെ തുറന്നുപറച്ചിലിൽ ജാവഡേക്കർ അതൃപ്തി പരസ്യമാക്കി. പാർട്ടിയുടെ വിശ്വാസ്യത തകർത്തുവെന്നായിരുന്നു വിമർശനം. നേതാക്കൾ പലരുമായും ചർച്ച നടത്തും. അത് തുറന്നുപറയുന്നത് കേരളത്തിൽ മാത്രമാണ്. കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്നും ജാവഡേക്കർ ചോദിച്ചു.
മറ്റ് പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയാറാകുമോയെന്നും ജാവഡേക്കർ തുടർന്നു. കൂടിക്കാഴ്ച നടന്നെന്ന് സമ്മതിച്ച കെ. സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കൾ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവഡേക്കർ വിമർശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

