ആലപ്പുഴ കുട്ടനാട്ടിൽ ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു. മങ്കൊമ്പ് അറുപതിൻച്ചിറ കോളനിയിൽ ആതിരഭവനിൽ തുളസി അനിലിന്റെ ഒരുപവൻ തൂക്കംവരുന്ന മാലയാണ് കവർന്നത്. ഇതുസംബന്ധിച്ച് വീട്ടമ്മ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വർണം, വെള്ളി ആഭരണങ്ങൾ തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തുകയായിരുന്നു. ഇവർക്ക് തുളസി കൊച്ചുമകളുടെ വെള്ളി പാദസരവും താലിമാലയും തിളക്കംകൂട്ടാൻ നൽകിയിരുന്നു. പാദസരം തിളക്കം കൂട്ടി നൽകിയ തട്ടിപ്പുകാർ തുളസിയുടെ ഒന്നരപ്പവന്റെ താലിമാല തിരികെ നൽകാതെ മുങ്ങുകയാണ് ഉണ്ടായത്.
മാല ഒരു ലായനിയിൽ മുക്കിയശേഷം കടലാസിൽ പൊതിഞ്ഞ് തുളസിക്ക് നൽകിയ ശേഷം രണ്ടു മണിക്കൂറിനു ശേഷമേ തുറക്കാവൂ എന്ന് പറഞ്ഞ് 50 രൂപ കൂലിയും വാങ്ങി ഇരുവരും പോയി. പിന്നീട് പൊതി അഴിച്ചുനോക്കിയ തുളസി കണ്ടത് ഒന്നരപ്പവൻ്റെ മാലയ്ക്കു പകരം അരപ്പവന്റെ മറ്റൊരു മാലയായിരുന്നു. അപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വീട്ടമ്മ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

