ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സിഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനായിരുന്നു സൈന്യത്തിൻ്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചത്.
അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്‍റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതു കൂടാതെ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.
രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അർജുന്റെ രക്ഷാപ്രവർത്തനത്തിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

