ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങൾക്കുമൊപ്പം നിന്നവർക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി കേരളത്തിനും സർക്കാരിനും വേണ്ടിയുള്ള നന്ദിയറിയിച്ചത്. ഷിരൂരിൽ കേരളത്തിന്റെ അഭ്യർഥന മാനിച്ച് രക്ഷാപ്രവർത്തനം നടത്തിയ കർണാടക സർക്കാരിനോടുള്ള നന്ദിയും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ അഭ്യർഥനയോട് കർണാടക യഥാസമയം പ്രതികരിച്ചു. ജില്ലാ ഭരണകേന്ദ്രം, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ തുടങ്ങി ദുഷ്‌കരമായ ദൗത്യത്തിൽ കേരളത്തിനും അർജുന്റെ കുടുംബത്തിനുമൊപ്പം നിന്ന മുഴുവനാളുകളോടും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
ഉത്തര കന്നട ജില്ലയിലെ ഷിരൂർ ദേശീയപാതയിൽ കുന്നിടിഞ്ഞ് ഗംഗാവാലി നദിയിൽ പതിച്ച മൺകൂമ്പാരത്തിനടിയിൽനിന്ന് 72 ദിവസത്തിന് ശേഷമാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ(30) മൃതദേഹവും ലോറിയും ഇന്ന് വീണ്ടെടുത്തത്. വൈകീട്ട് മൂന്നോടെയാണ് ഡ്രഡ്ജറിലെ ക്രെയിൻ ഉപയോഗിച്ച് പുഴക്കടിയിൽനിന്ന് ലോറി വടംകെട്ടി ഉയർത്തിയത്. തുടർന്ന് കാബിനകത്ത് കുടുങ്ങിയ മൃതദേഹ ഭാഗങ്ങളും പുറത്തെടുത്തു. നാവികസേന അടയാളപ്പെടുത്തിയ രണ്ടാം പോയന്റിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ജലോപരിതലത്തിൽനിന്ന് 12 അടി താഴ്ചയിൽ ബുധനാഴ്ച ലോറിയും മൃതദേഹവും കണ്ടെത്തിയത്.
ചൊവ്വാഴ്ച റിട്ട.മേജർ ജനറൽ ഇന്ദ്രപാൽ അടയാളപ്പെടുത്തി നൽകിയ സ്ഥലമാണിത്. ഉത്തര കന്നട ജില്ലയിൽ റെഡ് അലർട്ട് നിലവിലിരിക്കെ മഴയത്ത് തിരച്ചിൽ തുടരുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ ദുരന്ത നിവാരണ സേന പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. പിന്നീട് നദിയുടെ മറുകരയിലെത്തിച്ച് ആംബുലൻസിൽ കാർവാറിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. മൃതദേഹത്തിൽനിന്നുള്ള സാമ്പിളും അർജുന്റെ സഹോദരന്റെ ഡി.എൻ.എ സാമ്പിളും ശേഖരിച്ച് വ്യാഴാഴ്ച മംഗളൂരുവിലെ ലാബിലേക്ക് അയക്കും. പരമാവധി രണ്ടു ദിവസത്തിനകം ഡി.എൻ.എ പരിശോധനാ ഫലം ലഭ്യമാക്കുമെന്ന് ഉത്തര കന്നട ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. തുടർന്ന് പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം അർജുന്റെ ബന്ധുക്കൾക്ക് കൈമാറും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

