ഷിരൂരില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന് വേണ്ടിയുള്ള തെരച്ചിലിന് കാലാവസ്ഥ വലിയ വെല്ലുവിളിയെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍.
കര്‍ണാടക മുഖ്യമന്ത്രിയുമായി നിരന്തരം സംസാരിച്ചുവെന്നും വിവരങ്ങള്‍ അവര്‍ തന്നെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രതികൂലമാണ്. അപകട സാധ്യതയുമുണ്ട്. അതിനാലാണ് രാത്രി തിരച്ചില്‍ നിര്‍ത്തിയത്. ഇന്ന് ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍ ലോറി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനായി ഇന്ന് ആധുനിക സൗകര്യങ്ങളെത്തിച്ച് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരച്ചിലുമായി ബന്ധപ്പെട്ട് അർജുൻ്റെ കുടുംബത്തിൻ്റെ പരാതി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും ആ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പാകപ്പിഴയുണ്ടായെങ്കില്‍ സര്‍ക്കാര്‍ അത് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളികളുണ്ട്. ആധുനിക സംവിധാനങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.
ദേശീയപാതാ വികസനത്തിന് കൃത്യമായ പ്ലാനിങില്ല. കേരളത്തില്‍ പോലും ദേശീയ പാത നിര്‍മ്മിക്കുന്നത് കൃത്യമായ ഡ്രൈനേജ് അടക്കം ഉണ്ടാക്കാതെയാണ്. റോഡിൻ്റെ രണ്ട് വശത്തും കുടുംബങ്ങള്‍ വെള്ളത്തിലാണ്. ഗൗരവതരമായ വിഷയം പാര്‍ലമെൻ്റില്‍ ഉന്നയിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

