അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികൾ മരിച്ച സംഭവം; വൈദികന്‍, അഭിഭാഷകന്‍ അടക്കം 4 പേരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ട്

അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴി തിരിവുകള്‍. ജീവനൊടുക്കിയ നവീന്‍ ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും മരണാനന്തര ജീവിതമെന്ന തങ്ങളുടെ ആശയത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. 

പൊലീസ് പറഞ്ഞത്: ”വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കില്‍ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില്‍ അഭയം തേടണമെന്നായിരുന്നു നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. അന്ധവിശ്വാസങ്ങള്‍ ഈ രണ്ടുപേരിലേക്കും പകര്‍ന്നത് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ നവീനാണ്. ഡോക്ടര്‍മാരായ രണ്ടു സുഹൃത്തുക്കളെയും ഒരു വൈദികനെയും ഈ ആശയത്തിലേക്ക് സ്വാധീനിക്കാനാണ് നവീന്‍ ശ്രമിച്ചത്. എന്നാല്‍ നവീനിന്റെ സുഹൃത്തായ വൈദികൻ ഈ ആശയങ്ങളില്‍ നിന്നും പിന്തിപ്പിക്കാന്‍ ഇവരെ ശ്രമിച്ചു. പക്ഷെ നവീന്‍ ആ സൗഹൃദം ഉപേക്ഷിച്ച് അന്ധവിശ്വാസങ്ങളമായി മുന്നോട്ട് പോയി.” 

”കരാട്ടെ ക്ലാസില്‍ വച്ച് പരിചയപ്പെട്ട ഒരു അഭിഭാഷകനോടാണ് ആര്യ അന്യഗ്രഹ ജീവിതത്തെ കുറിച്ച് നിരന്തരമായി സംസാരിച്ചത്. അന്ധവിശ്വാസ സന്ദേശങ്ങള്‍ പലര്‍ക്കും അയച്ചു നല്‍കിയത് ഡോണ്‍ ബോസ്‌ക്കോയെന്ന ഇ-മെയില്‍ ഐഡിയില്‍ നിന്നാണ്.” ആര്യയാണ് ഈ മെയില്‍ ഐഡിക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തി.

”അന്യഗ്രഹ ജീവിതത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ആര്യ നിരന്തരമായി ഇന്റര്‍നെറ്റില്‍ അന്വേഷിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കണ്ടെത്തിയ ആശയങ്ങള്‍ ക്രോഡീകരിച്ചാണ് പലര്‍ക്കും ഈ മെയില്‍ ഐഡിയില്‍ നിന്നും സന്ദേശം അയച്ചത്. വ്യാജ പേരുകളില്‍ നവീനും ദേവിയും മെയിലുകള്‍ പലര്‍ക്കും അയച്ചിട്ടുണ്ട്.” നവീനിന്റെ സുഹൃത്തുക്കളുടെയും വൈദികന്റെയും അഭിഭാഷകന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തി. പര്‍വ്വതാരോഹണം നടത്താന്‍ നവീന്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. മൂന്നുപേരെ ഈ ആശയങ്ങളിലേക്ക് മറ്റാരെങ്കിലും സ്വാധീനിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അരുണാചലിലെ ഹോട്ടല്‍ മുറിയിലാണ് നവീന്‍, ദേവി, ആര്യ എന്നിവരെ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും ഞരമ്പുകള്‍ മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാന്‍ തയ്യാറായിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരുടെയുടെ ഞരമ്പ് മുറിച്ച ശേഷമാണ് നവീന്‍ ജീവനൊടുക്കിയതെന്നും അന്വേഷണസംഘം അറിയിച്ചു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply