ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പന് രണ്ടാമത്തെ ഡോസ് മയക്കുവെടിയും വച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടിയും വച്ചത്. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43നുമാണ് നൽകിയത്. രണ്ടാമത്തെ ഡോസിനു ശേഷം ആന മയങ്ങിത്തുടങ്ങിയെന്നാണ് സൂചന.
മയങ്ങിയ ശേഷം ആനയെ ബന്ധിച്ച് നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ പദ്ധതി. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുമെന്നാണു സൂചന.
അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.
മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു. സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
അതിനിടെ, അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

