ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ചികിത്സ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.
പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞത്. 48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് 20 ശതമാനം താഴെയായിരുന്നു ഹൃദയമിടിപ്പ്. അമ്മയെ ഉടൻ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ചികിത്സിച്ച സീനിയർ ഡോക്ടർ പ്രസവ സമയത്തുണ്ടായിരുന്നുവെന്നും മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് കൂട്ടിച്ചേർത്തു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടർമാർക്കും ജീവനക്കാർക്കും എതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

