അമേഠിയില്‍ രാഹുലും , റായ്ബറേലിയില്‍ പ്രിയങ്കഗാന്ധിയും മത്സരിച്ചേക്കും, മറ്റന്നാള്‍ തീരുമാനം

വയനാട് മണ്ഡലത്തിലെ പോളിംഗിന് പിന്നാലെ അമേഠി റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും, ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചു.  പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബിജെപി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായി

അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം ശക്തമായി. വയനാട്ടില്‍ നിന്ന് അങ്ങനെയങ്കില്‍ രാഹുലിന്‍റെ യാത്ര അമേഠിയിലേക്കായിരിക്കും. റായ്ബറേലിയില്‍  മത്സരിക്കാന്‍ ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും  സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മാനേജരും, ഉത്തര്‍പ്രേദശിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയുമൊക്കെയായിരുന്ന  പ്രിയങ്കക്കാണ് മണ്ഡലം കൂടുതല്‍ പരിചിതമെന്നാണ് വിലയിരുത്തല്‍. റായ്ബറേലി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടെന്ന  റിപ്പോര്‍ട്ടുകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. മെയ് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രണ്ടിനോ മൂന്നിനോ ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ആലോചന. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാഹുലും പ്രിയങ്കയും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചേക്കുമെന്ന പ്രചരണവുമുണ്ട്. ഇരുപതിനാണ് രണ്ടിടത്തും പോളിംഗ്. അമേഠിയില്‍ സ്മൃതി ഇറാനി പ്രചാരണത്തില്‍ മുന്‍പിലെത്തിയെങ്കില്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപനത്തിനായി ബിജെപി കാക്കുകയാണ്. പിലിഭിത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട വരുണ്‍ ഗാന്ധിയെ റായ്ബറേലിയില്‍ ഇറക്കിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. രഹസ്യ ചര്‍ച്ചകള്‍ പുറത്ത് പറയരുതെന്നും, വ്യക്തി ബന്ധങ്ങളല്ല, ഏത് മണ്ഡലമായാലും അവിടം നേരിടുന്ന പ്രശ്നങ്ങളാണ് വലുത് എന്നാണ്  സാധ്യത തള്ളാതെയുള്ള വരുണ്‍ ഗാന്ധിയുടെ  പ്രതികരണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply