‘അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല; പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്’: വിഡി സതീശൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര സർക്കാരിൻ്റെ അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു.

പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം പാർലമെന്റ് ഇലക്ഷന് മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്നത് ക്രൂരമായ മർദനമാണ്. ഇത് ചരിത്രത്തിൽ ഇല്ലാത്ത മർദനമാണ്. കഴുത്തിനു പിടിച്ചും, കണ്ണിനു ലാത്തി വച്ചു കുത്തിയുമാണ് പ്രവർത്തകരെ പിടിച്ചു കൊണ്ട് പോയത്. പെൺകുട്ടികൾക്ക് പോലും മർദനം ഏൽക്കുന്ന സ്ഥിതിയുണ്ടായി. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഡിജിപിക്ക് നട്ടെല്ലില്ല. അതിക്രമം കാണിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവിടും. ഇനിയും പ്രവർത്തകർക്ക് നേരെ അതിക്രമം ആവർത്തിച്ചാൽ ഇങ്ങനെ നേരിട്ടാൽ മതിയോ എന്ന് ആലോചിക്കും. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു കോൺഗ്രസെന്നും സതീശൻ പറഞ്ഞു.

അയോധ്യ വിഷയത്തിൽ ലീഗും സമസ്തയും എടുത്തത് കൃത്യമായ നിലപാടാണ്. ഇത് മതപരമായ കാര്യമാണ്. കയ്യടി കിട്ടാൻ വേണ്ടി എന്തു വേണേലും പറയായിരുന്നല്ലൊ?. പക്ഷേ സമസ്തയും ലീഗും എടുത്തത് മതസൗഹാർദ്ദത്തിന് കോട്ടം തട്ടാത്ത നിലപാടാണെന്നും സതീശൻ പ്രതികരിച്ചു. എംടിയുടെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ സിപിഎം ഇതുവരെ ചർച്ച ചെയ്തിട്ടുണ്ടോ. സൂര്യനാണു ചന്ദ്രനാണ് എന്നൊക്കെ മുഖ്യനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. എം.ടി വാസുദേവൻ നായരുടെ വാക്കുകൾ സിപിഎമ്മിൻ്റെ അവസാന നാളുകളിൽ പറയുന്ന വാക്കുകളായി സിപിഎം കാണണമെന്നും സതീശൻ കൂട്ടിച്ചേർത്തു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply